പ്രിയദർശിനി പദ്ധതി വഴി കെഎസ്ആർടിസിക്ക് പ്രതിദിനം 2.5 കോടിയുടെ നഷ്ടം… മന്ത്രി സി.പി. ജോൺ

സംസ്ഥാനത്ത് സ്ത്രീകൾക്കായി കെഎസ്ആർടിസി ബസുകളിൽ സൌജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി വഴി കെഎസ്ആർടിസിക്ക് പ്രതിദിനം രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും മന്ത്രി തുറന്നുപറഞ്ഞത്.

അതേസമയം, ഒരു കിലോമീറ്ററിന് സർക്കാർ 55 രൂപ വീതം സബ്‌സിഡി നൽകുകയാണെങ്കിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൌജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചിട്ടുണ്ടെന്നും ഈ നിർദ്ദേശം ഗതാഗത വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. കെഎസ്ആർടിസിയിൽ പ്രതിസന്ധികൾ ഉണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഉറപ്പുനൽകി. കെഎസ്ആർടിസി ലാഭത്തിലാക്കാൻ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കേണ്ടതുണ്ട്. നിലവിൽ ഓർഡിനറി ബസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഉടൻ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോൾ ഉള്ളതുപോലെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവാദമായ ‘നവകേരള ബസ്’ ഇപ്പോൾ എവിടെയുണ്ടെന്ന് തനിക്ക് വ്യക്തതയില്ലെന്നും അതിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിന്റെ ഡ്രൈവിംഗ് ലൈസൻസിന് മതിയായ വില ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി ചിപ്പ് ഘടിപ്പിച്ചതും ഹോളോഗ്രാം ഉള്ളതുമായ അത്യാധുനിക ഡ്രൈവിങ് ലൈസൻസ് കാർഡുകൾ ഉടൻ വിതരണം ചെയ്യും. ഇതിനിടയിലാണ് തനിക്ക് സ്വന്തമായി ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്ന രസകരമായ വിവരവും മന്ത്രി പങ്കുവെച്ചത്. തനിക്ക് വാഹനം ഓടിക്കാൻ അറിയില്ലെന്നും ഭാവിയിൽ ലൈസൻസ് എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വലിയ തോതിൽ വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ പരിശോധനകൾ വ്യാപകമാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നവർക്കും അത് ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നടപടിയുണ്ടാകും. റോഡുകളിലെ എഐ ക്യാമറകളിൽ പലതും നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് മന്ത്രി വിമർശിച്ചു. വഴുതക്കാട് എന്റെ സ്വന്തം വീടിന് മുന്നിലെ ക്യാമറയൊക്കെ പൊളിച്ചുകളഞ്ഞ നിലയിലാണ്. മുൻപ് നടപ്പിലാക്കിയ എഐ ക്യാമറ പദ്ധതിയിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് ഗതാഗത വകുപ്പ് വിശദമായി പരിശോധിക്കും. എന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

Related Articles

Back to top button