ഇത് രണ്ടാം തവണ; വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്ററിലും..സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം

വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും തുടർച്ചയായി മോഷണശ്രമം. ഇത് രണ്ടാം തവണയാണ് സാമാനമായ രീതിയിൽ മോഷണ ശ്രമം നടക്കുന്നത്. പ്രധാന വാതിലുകളുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറാൻ ശ്രമിച്ചത്. കോളിയാടിയിലെ നെന്മേനി കൃഷിഭവനിൽ രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് പ്രധാന വാതിലിന്റെ പൂട്ട് പൊളിഞ്ഞുകിടക്കുന്നത് കണ്ടത്. ഓഫീസിൽ പരിശോധന നടന്ന ലക്ഷണങ്ങളും കാണുന്നുണ്ട്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ വെറ്ററിനറി സബ് സെന്ററിലും സമാന രീതിയിൽ മോഷണശ്രമം നടന്നതായി കണ്ടെത്തിയത്. മോഷ്ടാക്കൾക്ക് വിലപിടിപ്പുള്ള ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് ജീവനക്കാർ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് നൂൽപ്പുഴ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. പത്തുദിവസം മുമ്പ് ഇവിടെ സമാനമായ രീതിയിൽ പൂട്ടുപൊളിച്ച് മോഷണശ്രമം നടന്നിരുന്നു.
ഇത് രണ്ടാം തവണയാണ് മോഷണ ശ്രമം. മൂന്നു ദിവസം മുമ്പ് തൊട്ടുചേർന്നുള്ള വെറ്ററനറി സബ് സെന്ററിന്റെ പൂട്ടും പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടിടത്തു നിന്നും ഇതുവരെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ തുടർച്ചയായി ഇത്തരത്തിൽ മോഷണ ശ്രമം നടക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ജനപ്രതിനിധികൾ ആരോപിക്കുന്നത്.
എന്നാൽ സ്ഥലത്ത് സിസിടിവി പൊലും ഇല്ലാത്തതിനാൽ വെട്ടിലായിരിക്കുകയാണ് നൂൽപ്പുഴ പൊലീസ്. ഫോറൻസിക് വിരലടയാളം വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കൃഷിഭവനിൽ നിന്നും വെറ്ററനറി സബ് സെന്‍റെറിൽ നിന്നും എന്ത് മോഷ്ടിക്കാനായിരിക്കും കള്ളൻ എത്തിയിരിക്കുക എന്നതാണ് കൗതുകം.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സർക്കാർ ഓഫീസുകൾ ലക്ഷ്യമിട്ട് നടന്ന മോഷണശ്രമം പ്രദേശത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.



