സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി. മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ. വന്ദേമാതരത്തെ അപമാനിക്കുന്ന തരത്തിലുള്ള നടപടി ഉണ്ടായെന്നാണ് പരാതിയിലെ ആരോപണം.
അതേസമയം, എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി വി ശ്രീനിവാസും, മുൻ അധ്യക്ഷൻ ലാൽജി ദേശായിയും കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് നേതൃത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.
അതിനിടെ വന്ദേഭാരതം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി ജെ പിയിൽ ആലോചന ശക്തമാണ്. വിശ്വഹിന്ദ് പരിഷത്തും അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടായെന്നും വന്ദേമാതരം പാടി തീരാനെടുക്കുന്ന സമയം വരെ സോണിയക്ക് കാത്തിരിക്കാമായിരുന്നെന്നും വിഎച്ച്പി വക്താവ് സുരേന്ദ്ര ജയിൻ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണ്ണമായും ആലപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ എ ഐ സി സി ആസ്ഥാനത്ത് പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ച കോൺഗ്രസ് ഹൈക്കമാൻഡ് വെട്ടിലായിട്ടുണ്ട്. സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും ഇടപെട്ട് തടയാൻ നോക്കിയെങ്കിലും ദേശീയഗീതം, ഗായക സംഘം പൂർണ്ണമായും ആലപിച്ചു. ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ആലാപനം തുടർന്നതോടെ നേതാക്കൾ അസ്വസ്ഥരായി.
ഇങ്ങനെ തുടർന്നാൽ ശരിയാവില്ലെന്ന സൂചനയോടെ രാഹുൽ ഗാന്ധി, സോണിയ ഗാന്ധിയേയും മല്ലികാർജുൻ ഖർഗെയേയും നോക്കി. ഈ സമയം മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടു. സേവാദൾ നേതാവിനെ വിളിച്ച് സോണിയ ശകാരിക്കുന്നതും കാണാമായിരുന്നു.
സംഭവത്തിൽ പൊലീസ് പരാതി സ്വീകരിച്ച് തുടർനടപടികൾ പരിശോധിച്ചുവരികയാണ്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതയും സംഭവത്തിന്റെ പശ്ചാത്തലവും പൊലീസ് പരിശോധിക്കും. വിഷയത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമോയെന്നത് അന്വേഷണത്തിന് ശേഷമായിരിക്കും വ്യക്തമാകുക.



