മെസിയെ കൊണ്ടുവരുമെന്ന പേരിലെ കള്ളക്കച്ചവടം ന്യായീകരിച്ചതോടെ പിണറായി വിജയന്റെ വില പോയി…..

ആലപ്പുഴ: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരൻ. പിണറായി വിജയൻ പല വിഷയങ്ങളിലും പ്രതികരിക്കാറില്ലെന്നും പ്രതികരിക്കുന്നതാകട്ടെ തെറ്റുകളെ ന്യായീകരിക്കാൻ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ചന്ദ്രിക ഓണപ്പതിപ്പിലെ സംഭാഷണത്തിലാണ് ജി. സുധാകരന്റെ വിമർശനം.

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന കള്ളക്കച്ചവടത്തെ പിണറായി വിജയൻ ന്യായീകരിച്ചത് മോശമായിപ്പോയി. മെസ്സിയുടെ വരവ് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ അതിനെ ന്യായീകരിക്കാൻ നിൽക്കേണ്ടതില്ലായിരുന്നുവെന്നും ജി. സുധാകരൻ പറഞ്ഞു. തെറ്റുകളെ ന്യായീകരിക്കുകയും തെറ്റുകൾ പറയുകയും ചെയ്തതോടെ പിണറായി വിജയന്റെ വില പോയെന്നും അദ്ദേഹം വിമർശിച്ചു. അധികാരം ലഭിച്ചതോടെ പിണറായി വിജയൻ ആകെ മാറിപ്പോയി. അദ്ദേഹത്തിന്റെ സൽപ്പേരിന് വലിയ ഇടിവുണ്ടായി. പിണറായിയുടെ കൂടെയുള്ള ഉപദേശകർക്ക് രാഷ്ട്രീയ ബോധമില്ലെന്നും ജി. സുധാകരൻ ആരോപിച്ചു. എം.വി. ഗോവിന്ദനെയും എം.എ. ബേബിയെയും വിമർശിച്ച സുധാകരൻ, എം.എ. ബേബി വ്യക്തിപരമായി നല്ലയാളും ആശയപരമായി അറിവുള്ളയാളുമാണെങ്കിലും അത് പ്രയോഗിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു. തെറ്റുപറയുന്നവരെ തിരുത്താനോ അതിനെതിരെ പ്രതികരിക്കാനോ അഖിലേന്ത്യാ സെക്രട്ടറിക്ക് പോലും കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. എം.വി. ഗോവിന്ദൻ സിപിഐഎമ്മിന്റെ ഗതികേടാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

അതേസമയം, സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ നടപടിയായ ഓപ്പറേഷൻ തുഫാനെയും ജി. സുധാകരൻ വിമർശിച്ചു. ഓപ്പറേഷൻ തുഫാൻ പ്രചാരണായുധമായി മാറരുത്. കഞ്ചാവും മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും കടത്തുന്ന ഏജന്റുമാരെയും പ്രമാണിമാരെയും പിടികൂടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎമ്മിൽ ലഹരി ബന്ധമുള്ളവർ വ്യാപകമാണെന്നും നേതൃത്വത്തിൽ പോലും ഇത്തരക്കാരുണ്ടെന്നും ജി. സുധാകരൻ ആരോപിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് ലോറിയോടെ പിടികൂടിയ ആലപ്പുഴ ജില്ലയിലെ ഏരിയ കമ്മിറ്റി അംഗത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘നശിക്കാൻ തീരുമാനിച്ച സിപിഐഎമ്മിനെ ആര് രക്ഷിക്കും?’ എന്ന തലക്കെട്ടിലാണ് ജി. സുധാകരന്റെ സംഭാഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Back to top button