ഷൗക്കത്തിന്റെ മരണം… പൊലീസിന് ഗുരുതര വീഴ്ചയെന്ന് ആരോപണം

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയെന്ന് പരാതി. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഷൗക്കത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാതെ അരീക്കോട് പൊലീസ് കുടുംബത്തിന് തന്നെ തിരിച്ചു നല്‍കി എന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതുവരെ പുറത്തുവരാത്ത തെളിവുകള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് നിഗമനം.
മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചില്ലെന്നും പരാതിയുണ്ട്. ഷൗക്കത്തിന്റെ മരണത്തിനു പിന്നാലെ അരീക്കോട് പൊലീസ് ഫോണ്‍ കൊണ്ടുപോയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം കുടുംബത്തിന് തിരികെ കൈമാറുകയായിരുന്നു. പാറ്റേണ്‍ ലോക്കില്‍ ഉള്ള മൊബൈല്‍ തുറക്കാന്‍ കഴിയുന്നില്ലെന്ന് ബന്ധു സക്കീര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത സംഭവത്തില്‍ ഇതുവരെ ആത്മഹത്യ പ്രേരണ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.



