മണ്ണ് മാറ്റാൻ മാത്രമാണ് അനുമതി നൽകിയത്… ജിയോളജി വകുപ്പിന് ഗുരുതര വീഴ്ചയെന്ന് മന്ത്രി

മലപ്പുറം പാണക്കാട്ടുണ്ടായ മണ്ണിടിച്ചിലിന് അനധികൃത പാറപൊട്ടിക്കലാണ് പ്രധാന കാരണമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാൻ മാത്രമാണ് മുനിസിപ്പാലിറ്റി അനുമതി നൽകിയതെന്നും, എന്നാൽ അതിന്റെ മറവിൽ അനുമതിയില്ലാതെ പാറപൊട്ടിച്ചുവെന്നും മന്ത്രി ആരോപിച്ചു. പാറപൊട്ടിക്കലിന് യാതൊരു അനുമതിയും നൽകിയിരുന്നില്ലെന്നും, മുൻപ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും പാറപൊട്ടിക്കൽ നടന്നതായും മന്ത്രി പറഞ്ഞു.
സംഭവത്തിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാട്ടിയ മന്ത്രി, സ്ഥലത്തിന്റെ ഉടമയ്ക്ക് ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഇനി ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം അനധികൃത ക്വാറികളുടെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്വകാര്യ വ്യക്തിയുടെ നിർമ്മാണ ആവശ്യത്തിനായി മണ്ണുമാന്തിയ സ്ഥലത്താണ് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിനിടെ പൊലീസുകാരും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ കാരണങ്ങളും ഉത്തരവാദിത്തവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.



