‘ഞാൻ മരിച്ചതിന്റെ കാരണം അവനാണ്’…. റിസയുടെ ആത്മഹത്യാക്കുറിപ്പും വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്ത്…

കണ്ണൂർ പൊയ്ത്തുംകടവിലെ 20-കാരി ഫാത്തിമത്തുൽ റിസയുടെ ആത്മഹത്യയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. വിവാഹം കഴിഞ്ഞ് എട്ടുമാസം തികയും മുൻപാണ് റിസ ജീവനൊടുക്കിയത്. ഭർത്താവിന്റെ മാനസിക പീഡനവും ലഹരി ഉപയോഗവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

റിസയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടൊപ്പം, മരിക്കുന്നതിന് മുൻപ് സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും അന്വേഷണത്തിലെ പ്രധാന തെളിവുകളായി മാറിയിട്ടുണ്ട്. സന്ദേശങ്ങളിൽ ഭർത്താവിനെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ, ലഹരി ഉപയോഗം, മറ്റൊരു ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങൾ റിസ ഉന്നയിക്കുന്നതായി കുടുംബം പറയുന്നു. ജൂൺ 28-നാണ് പൊയ്ത്തുംകടവിലെ സ്വന്തം വീട്ടിൽ റിസയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണദിവസം തന്നെ ഭർത്താവ് ആസിഫ് വിദേശത്തേക്ക് പോയതായും, തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വളപട്ടണം പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതായും അധികൃതർ അറിയിച്ചു.

ആസിഫിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, കേസിലെ ആരോപണങ്ങൾ നിലവിൽ അന്വേഷണ വിധേയമാണ്. ആത്മഹത്യാക്കുറിപ്പിലെയും ഡിജിറ്റൽ സന്ദേശങ്ങളിലെയും വിവരങ്ങളുടെ ആധികാരികത ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Related Articles

Back to top button