ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ…

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി സംഭവത്തിൽ എംഎൽഎ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവർക്കും നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇനി പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്നും ഇരുപക്ഷത്തോടും കെപിസിസി നിർദേശിച്ചിട്ടുണ്ട്. കേസുകൾ പിൻവലിക്കണമെന്നും മണ്ഡലം കമ്മിറ്റിയും എംഎൽഎയും യോജിച്ച് പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.
പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫായി നിയമിക്കരുതെന്നും രമ്യ ഹരിദാസിന് കെപിസിസി നിർദേശം നൽകിയിട്ടുണ്ട്. ഹസൻ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ നടപടിയെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. പാലോട് രവി, എം. വിൻസെന്റ്, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് സമിതിയിലുള്ളത്. ഇരുപക്ഷത്തെയും ചർച്ചയിലൂടെ സമവായത്തിലെത്തിക്കുകയാണ് സമിതിയുടെ ചുമതല. കേസുകൾ പിൻവലിക്കുന്നതിനും സമിതി ഇടപെടും. ചിറയിൻകീഴിലെ സംഘർഷവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെയും നേരത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികളും എതിർപ്പുകളും പരിഹരിച്ച് സംഘടനാ തലത്തിൽ പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ കെപിസിസി ഇടപെടൽ.



