കുട്ടികൾക്ക് കള്ള് നൽകിയ സംഭവം… പറവൂരിൽ ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനുമെതിരെ…

പറവൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പറവൂർ പൊലീസ് കേസെടുത്തു. കള്ള് കുടിച്ച് മടങ്ങുന്നതിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. ശനിയാഴ്ചയാണ് സംഭവം. പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലാണ് മൂന്ന് കുട്ടികൾ എത്തിയത്. 16 വയസുള്ള രണ്ട് പെൺകുട്ടികൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുണ്ടായിരുന്നു.
ഷാപ്പിൽനിന്ന് കള്ള് കഴിച്ച ശേഷം മൂവരും ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിൽ ഒരാൾക്ക് അമിതമായ ഛർദിയുണ്ടായി. മുനമ്പം ഭാഗത്ത് ബസ് ഇറങ്ങിയതോടെ പെൺകുട്ടി തളർന്നുവീഴുകയായിരുന്നു. വിവരമറിഞ്ഞ് മുനമ്പം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് കുട്ടികളെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി കള്ള് കഴിച്ചതാണ് ഛർദിക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായത്. തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ പറവൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.



