മൂന്ന് മാസമായി പെൻഷൻ മുടങ്ങി.. എൻഡോസൾഫാൻ ഇരകൾ കടുത്ത ദുരിതത്തിൽ

കാസർകോട്: സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ മൂന്ന് മാസമായി മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ. മാർച്ചിലാണ് അവസാനമായി പെൻഷൻ ലഭിച്ചത്. പ്രതിമാസ പെൻഷനെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളുടെ ദൈനംദിന ജീവിതം ഇതോടെ താളം തെറ്റിയിരിക്കുകയാണ്. പെൻഷൻ കുടിശികയ്ക്കൊപ്പം, നീതി മെഡിക്കൽ സ്റ്റോറുകൾ വഴി നൽകിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചിട്ടുണ്ട്. സർക്കാർ നൽകാനുള്ള കുടിശിക 44 ലക്ഷത്തിലധികം രൂപയായതോടെയാണ് മരുന്ന് വിതരണം നിർത്തിവെച്ചത്. സ്ഥിരമായി മരുന്ന് കഴിക്കേണ്ട നിരവധി ദുരിതബാധിതർ ഇതോടെ ആശങ്കയിലായി.
എൻഡോസൾഫാൻ ഇരകളെ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ടായിരുന്നെങ്കിലും, പെൻഷനും ചികിത്സാ സഹായവും മുടങ്ങിയ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതിനിടെ, എൻഡോസൾഫാൻ ദുരിതബാധിതരുടെ മരുന്നും പെൻഷനും മുടങ്ങിയ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിപിഐഎം നേതാവ് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. ഒരു ദുരിതബാധിത അമ്മയുടെ അവസ്ഥ സംബന്ധിച്ച വാർത്ത ഗൗരവമുള്ളതാണെന്നും ഇത്തരത്തിൽ മറ്റൊരു കുടുംബം കൂടി ദുരിതം അനുഭവിക്കുന്നതിന് മുമ്പ് സർക്കാർ നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു. സർക്കാർ നൽകുന്നത് ആനുകൂല്യമല്ല, മറിച്ച് സ്വന്തം ഉത്തരവാദിത്തമാണെന്നും, മരുന്നും പെൻഷനും ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലം വരെ ലഭിച്ചിരുന്ന സഹായങ്ങൾ പിന്നീട് മുടങ്ങിയെന്നും പുതിയ സർക്കാർ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.



