മഴക്കുറവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം… നിയന്ത്രിത ഉപയോഗം വേണമെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയാണ് നിലവിലെ പ്രധാന വെല്ലുവിളിയെന്നും അതിനാൽ എല്ലാവരും സ്വമേധയാ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്നും മന്ത്രി അഭ്യർഥിച്ചു. അനാവശ്യമായി വൈദ്യുതി പാഴാക്കുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സോളാർ വൈദ്യുതി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. മഴ കുറഞ്ഞാലും വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ബദൽ മാർഗങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകൽ സമയത്ത് ഒരു യൂണിറ്റ് വൈദ്യുതി 19 പൈസ നിരക്കിൽ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും എന്നാൽ രാത്രി സമയത്ത് 10 രൂപ നൽകിയാലും ഒരു യൂണിറ്റ് വൈദ്യുതി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാർച്ചിലും ഏപ്രിലിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നുവെന്നും ഇപ്പോൾ അത് തിരികെ നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിത വൈദ്യുതി ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുമെന്നും കുടുംബശ്രീ മുഖേന വീട്ടമ്മമാർക്കിടയിലും വൈദ്യുതി സംരക്ഷണ സന്ദേശം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ മദ്യനയവും കെപിസിസി പുതിയ അധ്യക്ഷനുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി പ്രതികരിച്ചില്ല.

Related Articles

Back to top button