മദ്യലഹരിയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം; അപകടകരമായി പൊലീസ് ജീപ്പോട്ടം..ഇടപ്പെട്ട് നാട്ടുകാർ

മദ്യലഹരിയിൽ അപകടകരമായി പൊലീസ് ജീപ്പോടിച്ച് പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥർ. നിയന്ത്രണം വിട്ടുള്ള ജീപ്പോട്ടം മൂലം വനിതാ ഓട്ടോ ഡ്രൈവർ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപകടകരമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ജീപ്പ് തടഞ്ഞുനിർത്തുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതിനിടെ പൊലീസ് വാഹനത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ജീപ്പിൽനിന്ന് ഇറങ്ങി ഓടിപ്പോയതായും ദൃക്സാക്ഷികൾ പറയുന്നു.
തുടർന്ന് വിവരം ലഭിച്ചെത്തിയ പൊലീസ് വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.



