സെപ്റ്റിക് ടാങ്ക് പൊട്ടി കൂത്താടികൾ പെരുകിയതായി കണ്ടെത്തി; നൂറനാട് പൊലീസ് സ്റ്റേഷന് 2000 രൂപ പിഴയിട്ട് പാലമേൽ പഞ്ചായത്ത്

പരിസരശുചിത്വം പാലിക്കാത്തതിനെത്തുടർന്ന് നൂറനാട് പൊലീസ് സ്റ്റേഷനെതിരെ കടുത്ത നടപടിയുമായി പാലമേൽ ഗ്രാമപഞ്ചായത്ത്. സ്റ്റേഷൻ പരിസരം വൃത്തിഹീനമായി ഇട്ടതിനും കൊതുക് വളരാൻ സാഹചര്യമൊരുക്കിയതിനും പഞ്ചായത്ത് അധികൃതർ പൊലീസിന് 2000 രൂപ പിഴ ചുമത്തി.
കഴിഞ്ഞ മാസം 30-ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സ്റ്റേഷൻ വളപ്പിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് കൂത്താടികൾ പെരുകുന്ന നിലയിലായിരുന്നു. കൂടാതെ, സ്റ്റേഷന് പിന്നിൽ മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ വെള്ളം കെട്ടിക്കിടന്ന് അഴുകി പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും അധികൃതർ കണ്ടെത്തി.
നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം പിഴത്തുക പഞ്ചായത്ത് ഒടുക്കണമെന്നാണ് സെക്രട്ടറി നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. നിശ്ചിത സമയത്തിനകം തുക അടയ്ക്കാൻ തയാറാകാത്തപക്ഷം, വസ്തുനികുതി കുടിശ്ശിക ഈടാക്കുന്ന മാതൃകയിൽ റവന്യൂ റിക്കവറി (RR) നടപടികളിലേക്ക് കടക്കുമെന്നും പഞ്ചായത്ത് അധികൃതർ പൊലീസിന് കർശന മുന്നറിയിപ്പ് നൽകി.



