പാലായിൽ യുഡിഎഫ് ഭരണം പ്രതിസന്ധിയിൽ; കോൺഗ്രസും പുലിക്കക്കണ്ടം കുടുംബവും തമ്മിലുള്ള പോര് കടുക്കുന്നു

അധികാരത്തിലെത്തി കേവലം ആറുമാസം പിന്നിടുമ്പോൾ തന്നെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കോൺഗ്രസ് കൗൺസിലർമാരും പുലിക്കക്കണ്ടം കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് ഭരണ മുന്നണിക്കുള്ളിൽ പ്രതിസന്ധി ശക്തമായത്. സ്വതന്ത്ര കൗൺസിലറായ ദിയ പുലിക്കക്കണ്ടം കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്. ഏതാനും ദിവസം മുമ്പ് തന്റെ വാച്ചും ഒരു ഫയലും ബിജു മാത്യൂസ് മോഷ്ടിച്ചെന്നാരോപിച്ചാണ് ദിയ പരാതി നൽകിയത്.

ഇതിന് ദിവസങ്ങൾക്കുമുമ്പ് ബിജു മാത്യൂസ്, ദിയയുടെ പിതാവും കൗൺസിലറുമായ ബിനു പുലിക്കക്കണ്ടത്തിനെ ശാരീരികമായി ആക്രമിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളും പരസ്പരം ആരോപണങ്ങളും പരാതികളും ഉന്നയിക്കുന്ന സാഹചര്യമാണുണ്ടായത്. അതേസമയം, ദിയ പുലിക്കക്കണ്ടം, ബിനു പുലിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുലിക്കക്കണ്ടം എന്നിവരടങ്ങുന്ന സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മ പാലയിലെ ‘ടീം യുഡിഎഫ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയതും മുന്നണിക്കുള്ളിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്.

Related Articles

Back to top button