“പിണറായിയുടെ നയമല്ല ഞങ്ങളുടേത്”….. നയരാഹിത്യ വിമർശനത്തിന് കടുത്ത മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ‘നയരാഹിത്യ പ്രഖ്യാപനം’ ആണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനത്തിന് കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നയരാഹിത്യം എന്നത് പ്രതിപക്ഷ നേതാവിന്റെ വെറും തോന്നൽ മാത്രമാണെന്നും അദ്ദേഹത്തിന്റെ നയമല്ല ഈ സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ ഗവൺമെന്റിന്റെ നയം തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ സർക്കാരിന്റെ നയങ്ങളിൽ നിന്നും സമീപനങ്ങളിൽ നിന്നും കാര്യമായ മാറ്റത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. ഈ മാറ്റങ്ങൾ ജനങ്ങളോട് തുറന്നു പറഞ്ഞിട്ടാണ് തങ്ങൾ ജനവിധി നേടിയതെന്നും വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കിഫ്ബിയെ (KIIFB) കുറിച്ച് യുഡിഎഫ് സർക്കാർ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക കമ്മിറ്റിയെ വെക്കും. ഇതുകാരണം, കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ വരാനിരുന്ന പല പദ്ധതികളുടെയും അജണ്ടകൾ മാറ്റിവെച്ചിട്ടുണ്ട്. നയപരമായ തീരുമാനത്തിന് ശേഷം മാത്രമേ ഇതിൽ അന്തിമ നിലപാടുണ്ടാകൂ.

തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കും. ഇതിന്റെ ഭാഗമായി യുഡിഎഫിന്റെ മുഖ്യ പ്രഖ്യാപനമായ 5 ഇന്ദിരാ ഗ്യാരന്റികൾ സർക്കാർ പൂർണ്ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഗവൺമെന്റ് ഒരു തുടർച്ചയാണെന്നത് ശരിയാണ്. എന്നാൽ മുൻ സർക്കാർ തുടങ്ങി വെച്ച തുടർച്ചയായ പദ്ധതികളെല്ലാം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വീണ്ടും എടുത്ത് പ്രഖ്യാപിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കേരളം ഇപ്പോൾ ഒരു പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വരും വർഷങ്ങളിൽ കേരളത്തെ ഒരു പ്രധാന തുറമുഖ നഗരമാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു. നാടിന് മുന്നിലുള്ള എല്ലാ സാമ്പത്തിക-വികസന വെല്ലുവിളികളെയും ജനാധിപത്യ രീതിയിൽ തന്നെ സർക്കാർ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button