റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയിൽ അപകടം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ശാഖയിലുണ്ടായ അപകടത്തിൽ ജീവനക്കാരൻ മരിച്ചു. ജോലിക്കിടെ ഇയാളുടെ കൈ മെഷീനിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ബംഗളൂരു സ്വദേശി അശോകാണ് മരിച്ചത്.
ആർബിഐയ്ക്കുവേണ്ടി കരാർ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് അശോക്. അടുത്തിടെയാണ് അശോക് ജോലിക്കായി തിരുവനന്തപുരത്തെത്തിയത്. ബുധനാഴ്ച മൂന്നുമണിയോടെയായിരുന്നു അശോകിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ അപകടമുണ്ടായത്. കഴിഞ്ഞദിവസം പുതിയൊരു മെഷീൻ തിരുവനന്തപുരം ശാഖയിൽ എത്തിച്ചിരുന്നു. ഇത് പ്രവർത്തിപ്പിച്ച് നോക്കുന്നതിനിടെയായിരുന്നു അപകടം. മെഷീനുള്ളിൽ കൈ കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.
ധാരാളം രക്തം വാർന്ന് പോയതാണ് മരണത്തിനിടയാക്കിയതെന്നാണ് വിവരം. മെഷീൻ അശ്രദ്ധമായി പ്രവർത്തിപ്പിച്ചതാണ്അ പകടത്തിനിടയാക്കിയതെന്നാണ് നിഗമനം. അപകടം എങ്ങനെയാണുണ്ടായതെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. മ്യൂസിയം പോലീസ് തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




