കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ നൽകിയത് ചെളിവെള്ളം; പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കടുത്ത വേനലിൽ കുടിവെള്ള ലഭ്യത കുറഞ്ഞതോടെ പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ട നാട്ടുകാർക്ക് എത്തിച്ചു നൽകിയത് ചെളിവെള്ളമെന്ന് പരാതി. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്. പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിനിടെ മൂന്നാം വാർഡിൽ ഉൾപ്പെട്ട അന്ധനാർ കാവ് ഭാഗത്ത് താമസിക്കന്നവർക്കാണ് ചെളിവെള്ളം വിതരണം ചെയ്തതായി പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചത്. ബക്കറ്റുകളിലും കന്നാസുകളിലുമായി വെള്ളം ശേഖരിച്ച നാട്ടുകാർ കലക്കുനിറഞ്ഞ ചെളിവെള്ളം കണ്ട് ഞെട്ടുകയായിരുന്നു. ഇതോടെ അധികൃതർക്കെതിരേ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയർന്നു. അമീബിക് മസ്തിഷ്ക ജ്വരംമൂലം കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഒരു നഴ്സ് മരിച്ചിരുന്നു. ഇത്രയും ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ഉപയോഗിക്കാനായി ചെളിവെള്ളം നൽകിയതിലെ അനാസ്ഥക്കെതിരെയാണ് ജനങ്ങളുടെ പ്രതിഷേധമുണ്ടായത്.



