വനിതാ സഹപ്രവർത്തകയോട് അസഭ്യവർഷവും ഭീഷണിയും… ആലപ്പുഴയിലെ….

ആലപ്പുഴ: ചേർത്തലയിലെ കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി ചെയ്തുവരുന്ന ശ്രീജിത്തിനെയാണ് പൊലീസ് പിടികൂടിയത്. ഓഫീസിലെ വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സമാന സ്വഭാവമുള്ള കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതിന് പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരവും, മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകരെ അസഭ്യം പറഞ്ഞതിന് മറ്റൊരു കേസിലും ഇയാൾക്കെതിരെ നടപടിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button