സീനിയർ നഴ്സിംഗ് വിദ്യാർഥിനിയുമായുള്ള സൗഹൃദം… 19കാരന് ക്രൂരമർദ്ദനം

കൊല്ലം: നഴ്സിംഗ് കോളേജിലെ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദത്തിലായെന്നാരോപിച്ച് 19കാരനായ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. സംഭവത്തിൽ ചവറ സ്വദേശി പ്രമോദ് കുമാർ (28) അറസ്റ്റിലായി. കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ വിദ്യാർഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാരിയെല്ലുകൾക്ക് പരിക്കേറ്റ വിദ്യാർഥി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പടപ്പനാലിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന വിദ്യാർഥിക്ക് സീനിയർ വിദ്യാർഥിനിയുമായി സൗഹൃദമുണ്ടെന്ന് വിദ്യാർഥിനിയുടെ സുഹൃത്തായ തേവലക്കര സ്വദേശി മിഥുൻ മനോഹറിനെ മറ്റൊരു വിദ്യാർഥിനി അറിയിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമെന്നാണ് പൊലീസ് പറയുന്നത്.

മിഥുന്റെ നിർദേശപ്രകാരം പ്രമോദും സുഹൃത്ത് അഖിലും ചേർന്ന് വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു. ഒക്ടോബർ 31ന് വൈകിട്ട് 4.10ന് കോളേജ് വിട്ടിറങ്ങിയ വിദ്യാർഥി തേവലക്കര പടപ്പനാലിലെ തട്ടുകടയിൽ കുപ്പിവെള്ളം വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം. സംഘം അസഭ്യം പറയുകയും മുഖത്തും പുറത്തും ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ വിദ്യാർഥിയുടെ രണ്ട് വാരിയെല്ലുകൾ തകർന്നു. നെറ്റിയിലും കവിളിലും പരിക്കേറ്റു. സംഭവത്തിൽ തെക്കുംഭാഗം പൊലീസ് കേസെടുത്ത് പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തു. കേസിൽ പ്രമോദാണ് ഒന്നാം പ്രതി. അഖിൽ രണ്ടാം പ്രതിയും മിഥുൻ മനോഹർ മൂന്നാം പ്രതിയുമാണ്. മിഥുൻ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണെന്നും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ചവറ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള പ്രമോദിനെതിരെ വധശ്രമം ഉൾപ്പെടെ അഞ്ച് കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button