ഗണേഷ് കുമാറിനെ ക്ഷണിച്ച കരയോഗ ഭരണസമിതിക്കെതിരെ എൻ.എസ്.എസ് നടപടി

കൊല്ലം: മുൻ മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻ.എസ്.എസ് കരയോഗത്തിന്റെ ഭരണസമിതി പിരിച്ചുവിട്ട് എൻ.എസ്.എസ് രജിസ്ട്രാർ താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചു. പത്തനാപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന് കീഴിലുള്ള 5785-ാം നമ്പർ കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻ.എസ്.എസ് കരയോഗത്തിനെതിരെയാണ് നടപടി.

എൻ.എസ്.എസ് നേതൃത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ. ബി. ഗണേഷ് കുമാറിനെ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചതാണ് നടപടിക്ക് കാരണമായതെന്ന് എൻ.എസ്.എസ് നേതൃത്വം അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഗണേഷ് കുമാർ എൻ.എസ്.എസ് നേതൃത്വത്തെയും താലൂക്ക് യൂണിയൻ ഭരണസമിതിയെയും രൂക്ഷമായി വിമർശിക്കുകയും സംഘടനയിൽ ഏകാധിപത്യ പ്രവണതയുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സമുദായാംഗങ്ങൾ എൻ.എസ്.എസ് നേതൃത്വത്തിന് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കരയോഗ ഭരണസമിതി പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് എൻ.എസ്.എസ് വ്യക്തമാക്കി. തുടർന്ന് കരയോഗത്തിന്റെയും അതിന്റെ സ്വത്തുക്കളുടെയും ഭരണച്ചുമതല എൻ.എസ്.എസ് രജിസ്ട്രാർ നേരിട്ട് ഏറ്റെടുത്തു. ഭരണനിർവഹണത്തിനായി കരയോഗാംഗമായ രഞ്ജുവിനെ ചെയർമാനാക്കി താൽക്കാലിക ഭരണസമിതിയെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.

Related Articles

Back to top button