ഇടത് നേതാവിന് റാങ്ക് നൽകാൻ വൻ കൃത്രിമം… പിഎസ്‌സി പരീക്ഷയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

തിരുവനന്തപുരം: പിഎസ്‌സി നിയമനക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകളുടെ സൂചന കണ്ടെത്തിയതായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച് ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ, ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി 58 മാർക്കിന് തുല്യമായ 10 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയിരുന്നില്ലെന്ന് കണ്ടെത്തി.
എന്നാൽ, ഈ 10 ചോദ്യങ്ങൾ തന്നെ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. മറ്റ് ഉദ്യോഗാർഥികൾ ഈ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയിരുന്നെങ്കിലും അവ വിലയിരുത്തിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സാധാരണ രീതിയിൽ മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്കുകാരന് റാങ്ക് പട്ടികയിൽ പോലും ഇടം ലഭിക്കില്ലായിരുന്നുവെന്നും എസ്‌ഐടി വിലയിരുത്തുന്നു. സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയോ രാഷ്ട്രീയ ഇടപെടലോ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. പിഎസ്‌സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആലപ്പുഴ സ്വദേശി വി. എസ്. ജയലാൽ നൽകിയ പരാതിയെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് ബോധ്യപ്പെട്ടതോടെ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ എഫ്‌ഐആറിൽ ആരുടെയും പേര് ഉൾപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ പേരുകൾ പിന്നീട് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും. അതേസമയം, വിവിധ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് 90 പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്.



