PF വേതനപരിധി ഉയർത്തി… PF പരിധി 15,000ൽ നിന്ന്….

ജീവനക്കാരുടെ ഭാവിനിധിയായ ഇപിഎഫ്ഒയുടെ (EPFO) നിർബന്ധിത പരിരക്ഷയ്ക്കുള്ള വേതനപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 12 വർഷത്തിന് ശേഷമാണ് വേതനപരിധിയിൽ മാറ്റം വരുന്നത്. പുതിയ പരിധി സെപ്റ്റംബർ 17 മുതൽ പ്രാബല്യത്തിൽ വരും. പുതിയ തീരുമാനത്തോടെ 15,000 മുതൽ 25,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ള 51 ലക്ഷത്തിലധികം ജീവനക്കാർ അധികമായി നിർബന്ധിത ഇപിഎഫ്ഒ പരിധിയിൽ വരുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. ഇതിലൂടെ ഇപിഎഫ് നിക്ഷേപം, എംപ്ലോയീസ് പെൻഷൻ സ്കീം (EPS), ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ പരിധി കൂടുതൽ ജീവനക്കാരിലേക്ക് വ്യാപിക്കും.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്, വേതനപരിധി ഉയർത്തണമെന്നത് ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നാണ്. 2014ൽ 15,000 രൂപയായി നിശ്ചയിച്ച പരിധി പല സംസ്ഥാനങ്ങളിലെയും നിലവിലെ മിനിമം വേതനനിരക്കുകളുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് പരിധി ഉയർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി പദ്ധതിക്കുള്ള കേന്ദ്രസർക്കാരിന്റെ വാർഷിക ചെലവ് ഏകദേശം 11,339 കോടി രൂപയായി ഉയരും. നിലവിലെ വാർഷിക ബജറ്ററി പിന്തുണ 10,250 കോടി രൂപയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 56,696 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. കൂടുതൽ ജീവനക്കാരെ സാമൂഹിക സുരക്ഷാ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ പുതിയ തൊഴിലന്വേഷകർക്കും അധിക പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വേതനപരിധി അവസാനമായി 2014 സെപ്റ്റംബറിലാണ് 6,500 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തിയത്.



