സ്വകാര്യ ബസുകളുടെ സമയക്രമം പുനഃപരിശോധിക്കും… ആർടിഒമാർക്ക് നിർദേശം നൽകി…

കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാൻ അടിയന്തര നടപടികളുമായി ഗതാഗത വകുപ്പ്. ബസുകളുടെ സമയക്രമം ശാസ്ത്രീയമായി പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. എറണാകുളം കാക്കനാട് ഇൻഫോപാർക്കിന് സമീപം സ്വകാര്യ ബസിടിച്ച് യുവതി അക്ഷര മരിച്ച സംഭവത്തിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനും പിന്നാലെയാണ് സർക്കാർ നടപടി. ബസുകളുടെ ടൈമിംഗ് പുനഃക്രമീകരിക്കാൻ ആർടിഒമാർ പരിശോധന നടത്തും.
എറണാകുളം നഗരത്തിൽ ഒരു കിലോമീറ്റർ പിന്നിടാൻ രണ്ടര മിനിറ്റാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണെന്നും യാഥാർഥ്യബോധത്തോടെ സമയക്രമം പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 15 മുതൽ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മിഷൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ മാത്രമല്ല, മറ്റ് വാഹനങ്ങളും അമിതവേഗത്തിൽ സഞ്ചരിക്കുന്നുണ്ടെന്നും ചേരാനല്ലൂർ അപകടം ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി വ്യക്തമാക്കി. അതേസമയം, എല്ലാ ഡ്രൈവർമാരെയും ഒരാഴ്ചയ്ക്കകം ക്യുആർ കോഡ് അധിഷ്ഠിത സ്മാർട്ട് ഐഡി സംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം



