മുൻകൂട്ടി അനുമതി വാങ്ങാതെ വിദേശയാത്ര.. എസ് ശ്രീജിത്തിന്റെ ആവശ്യം തള്ളി സംസ്ഥാന സർക്കാർ

മുൻകൂറായി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെ ഡിജിപി എസ് ശ്രീജിത്തിനെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണമില്ല. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം സംസ്ഥാന സർക്കാർ തള്ളി. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് വിശദീകരണം നൽകിയത്. ഇപ്പോൾ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി അറിയിച്ചപ്പോൾ പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം നടത്തേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ എന്തുകൊണ്ടാണ് ഉറച്ച തീരുമാനം എടുക്കാത്തതെന്നും ഹൈക്കോടതി ആരാഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ഹൈക്കോടതി വില്ലേജ് ഓഫീസ് ആണോ തഹസിൽദാർ ഓഫീസ് ആണോയെന്ന് കോടതി ചോദിച്ചു. സാവകാശം തേടാൻ ക്ലർക്കിന്റെ കയ്യിലാണോ അപേക്ഷ കൊടുത്തയക്കുന്നത്. എന്തുകൊണ്ട് ആഭ്യന്തര സെക്രട്ടറി നേരിട്ട് അപേക്ഷ നൽകിയില്ല എന്നും കോടതി ആരാഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ കോടതിയാണിതെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിലെ ഏറ്റവും സുപ്രധാന സ്ഥാനത്താണ് താങ്കൾ ഇരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലൻസ് അന്വേഷണത്തിൽ തീരുമാനം അറിയിക്കാൻ ജൂനിയർ ഉദ്യോഗസ്ഥനെ നിയോഗിച്ച് സാവകാശം തേടിയതിലായിരുന്നു ഹൈക്കോടതി അതൃപ്തി പരസ്യമാക്കിയത്.

ഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനം എടുത്ത് അറിയിക്കാത്തതിലായിരുന്നു മിൻഹാജ് ആലത്തിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് കോടതി നേരെത്തെ നിർദേശം നൽകിയിരുന്നെങ്കിലും അത് നടപ്പിലാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ്. നേരിട്ട് ഹാജരാകാൻ വെള്ളിയാഴ്ച വരെ സാവകാശം നൽകണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു ഹൈക്കോടതി നീക്കം.

നേരത്തെ അനുമതി വാങ്ങാതെ ഡിജിപി എസ് ശ്രീജിത്ത് വിദേശ യാത്ര നടത്തുകയും, യൂണിഫോം ധരിച്ച് യുഎഇയിൽ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല , ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ അഴിമതി നടത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നത്.

Related Articles

Back to top button