യാതൊരു മുന്നറിയിപ്പുമില്ല, ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലത്തിറക്കാതെ മടങ്ങി

ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം വട്ടമിട്ടു പറന്നു. യാതൊരു മുന്നറിയിപ്പും കൂടാതെഇത്തരത്തിൽ വ്യോമസേന ഹെലികോപ്റ്റർ എത്തിയത് പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും ഇടയാക്കി. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. പത്ത് സെക്കന്റോളം അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്ന ഹെലികോപ്റ്റർ പിന്നീട് നിലത്തിറക്കാതെ മടങ്ങിപ്പോകുകയും ചെയ്തു.
അതേസമയം, ഹെലികോപ്റ്റർ എത്തുന്ന കാര്യമോ, തിരികെ പോയതിന്റെ കാരണമോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് അറിയില്ല. അതീവ സുരക്ഷാ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിയതാണോ, അതോ നിരീക്ഷണപ്പറക്കലായിരുന്നോ എന്നത്തിൽ വ്യക്തത വന്നിട്ടില്ല. ഇന്ത്യൻ വ്യോമസേനയുടെ ഭാഗത്ത് നിന്നോ കേരള പോലീസിന്റെ ഭാഗത്ത് നിന്നോ നിലവിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദീകരണവും വന്നിട്ടിട്ടില്ല.


