ചോദ്യങ്ങളില്ല, പരിപാടി അലങ്കോലപ്പെടുത്താൻ മാത്രം ലക്ഷ്യം… എസ്എഫ്ഐക്കെതിരെ….

ഡൽഹി: മഹാരാജാസ് കോളേജിലെ കോൺവൊക്കേഷൻ ചടങ്ങിനിടെയുണ്ടായ നാടകീയ സംഭവങ്ങളിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപിയും മന്ത്രി റോജി എം ജോണും. രാഷ്ട്രീയ ദുഷ്ടലാക്കോടെ വിദ്യാർത്ഥികളുടെ സന്തോഷനിമിഷം അലങ്കോലപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചതെന്ന് റോജി എം ജോൺ ആരോപിച്ചു. സംഭവത്തിൽ സിപിഐഎമ്മിനെയും പിഎസ്‌സി ചെയർമാനെയും വിമർശിച്ച ഷാഫി പറമ്പിൽ, കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു. സിപിഐഎം ഇത്തരം വിഷയങ്ങൾ തിരുത്തുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

വിഷയത്തിൽ റോജി എം ജോൺ സ്വീകരിച്ചത് പക്വമായ നടപടിയാണ്. പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യം. എന്നാൽ മറുപടി നൽകാൻ റോജിയുടെ പക്കൽ കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. ചോദിക്കാൻ ആവശ്യമായ ചോദ്യങ്ങൾ പോലും എസ്എഫ്ഐയുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും ഷാഫി പരിഹസിച്ചു. പിഎസ്‌സി ചെയർമാൻ പ്രവർത്തിച്ചത് പാർട്ടി ചെയർമാനെപ്പോലെയാണെന്നും അംഗങ്ങൾ പുറത്തുവിട്ട വിവരങ്ങൾ തന്നെ ഇതിന് തെളിവാണെന്നും ഷാഫി ആരോപിച്ചു. വിഷയത്തിൽ കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തണം. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും പാർട്ടിയുടെ തലപ്പത്തിരുന്ന് പാർട്ടി പ്രവർത്തനം നടത്തിയ ആളിനെതിരെ കർശന നടപടി വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

അതേസമയം, കോൺവൊക്കേഷൻ ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തെ വിമർശിച്ച് മന്ത്രി റോജി എം ജോണും രംഗത്തെത്തി. ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സന്തോഷനിമിഷം രാഷ്ട്രീയ ദുഷ്ടലാക്കോടെ അലങ്കോലപ്പെടുത്താൻ ശ്രമിക്കരുതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സദസ്സിൽ നിന്ന് ‘സഖാവേ ഒരു ചോദ്യം’ എന്ന ആവശ്യം ഉയർന്നപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറയാനുള്ള അധികാരത്തിന്റെ അഹങ്കാരം താൻ കാണിച്ചില്ലെന്ന് റോജി എം ജോൺ പറഞ്ഞു. പ്രതിഷേധിക്കാനും ബാനർ ഉയർത്താനുമുള്ള അവകാശത്തെ രാഷ്ട്രീയ ബഹുമാനത്തോടെയാണ് കണ്ടത്. ചോദ്യങ്ങളോടോ സമരങ്ങളോടോ തനിക്ക് ഭയമോ അസഹിഷ്ണുതയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ വിദ്യാർത്ഥികളുടെ വിലപ്പെട്ട നിമിഷം തകർക്കാനുള്ള അഹന്തയ്ക്ക് മുന്നിൽ വഴങ്ങില്ലെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ പോലും കറുത്ത വസ്ത്രത്തിനും മാസ്കിനും നിയന്ത്രണമുണ്ടായിരുന്ന കാലമല്ല ഇതെന്നും റോജി എം ജോൺ പ്രതികരിച്ചു. മഹാരാജാസ് കോളേജിലെ കോൺവൊക്കേഷൻ ചടങ്ങുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ പോരിലേക്ക് കടക്കുമ്പോൾ, സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമോ എന്നതാണ് ഇനി നിർണായകം.

Back to top button