പ്രിയദർശിനി’ കാരണം ഡീസലടിക്കാൻ പോലും കാശില്ല…സ്വകാര്യ ബസുകളുടെ പണിമുടക്ക്

കാസർകോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം സാരമായി കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഒരു ദിവസത്തെ സൂചനാ സമരം.
കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾ വലിയ നഷ്ടം നേരിടുന്നുവെന്നാണ് ബസുടമകൾ പറയുന്നത്. ഡീസലടിക്കാനുള്ള കാശ് പോലും ലഭിക്കുന്നില്ലെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും മുഴുവൻ തൊഴിലാളി സംഘടനകളും സമരത്തിൻ്റെ ഭാഗമാകുന്നുണ്ട്. രാവിലെ 10:30ന് ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടക്കും.സൗജന്യ യാത്ര വിദ്യാർത്ഥികൾക്കും 65 വയസ്സിന് മുകളിലുള്ള സ്ത്രീപുരുഷന്മാർക്ക് മാത്രം നൽകുക, 50 ശതമാനം ഡീസൽ സബ്സിഡി നൽകുക, റോഡ് നികുതി പൂർണമായും ഒഴിവാക്കുക, ഇന്റർസേറ്റ് – ടൗൺ ടു ടൗൺ ബസുകളിൽ സൗജന്യ യാത്ര ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.



