ധ്രുവ് റാഠിക്കും സിജെപി നേതാക്കൾക്കും ജാമ്യം… കർശന നിബന്ധനകളോടെ വിട്ടയച്ച്….

കഴിഞ്ഞ ദിവസം വൻ പ്രതിഷേധങ്ങൾക്കിടയിൽ കസ്റ്റഡിയിൽ എടുത്ത സിജെപി (CJP) നേതാക്കളെയും പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെയും പോലീസ് വിട്ടയച്ചു. കോടതിയിലും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും മുമ്പിൽ ഹാജരാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നീ സിജെപി നേതാക്കളെയാണ് ഇന്നലെ രാവിലെ 10.30-ഓടെ കസ്റ്റഡിയിലെടുത്ത ശേഷം 24 മണിക്കൂറിന് ശേഷം വിട്ടയച്ചത്. ഗുരുഗ്രാമിൽ നിന്ന് കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിയെയും ഭാവിയിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെ മോചിപ്പിച്ചു.
ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തികളിൽ ഏർപ്പെടരുത് എന്ന കർശന നിബന്ധനയിലാണ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചത്. തുടർന്ന് ഇവർ വാഹനത്തിൽ സ്റ്റേഷനിൽ നിന്ന് മടങ്ങി. പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും, ‘കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ല’ എന്നും സിജെപി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പ്രതികരിച്ചു. സമരവുമായി ബന്ധപ്പെട്ട് ഇതുവരെ 20 എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമം കൈയിലെടുക്കാൻ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പോലീസിനെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനിടയിൽ, ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും തുടർ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും സിജെപി നേതാവ് അശുതോഷ് രംഗ അറിയിച്ചിട്ടുണ്ട്.
അതിനിടെ, ദില്ലി പോലീസ് പറയുന്നത് മുഴുവൻ നുണയാണെന്ന് അഭിജിത് ദീപ്കെയുടെ കുടുംബം ആരോപിച്ചു. അഭിജിത്തിനെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് അമ്മ അനിത ദീപ്കെ വ്യക്തമാക്കി. മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞാൽ അഭിജീത് എത്തുയെന്നും, സംസ്കാര ചടങ്ങുകൾ അവൻ വന്നതിനു ശേഷം മാത്രമേ നടത്തൂവെന്നും കുടുംബം അറിയിച്ചു.



