കോഴിക്കോട് വീണ്ടും നിപ ഭീതി… ഫറോക്ക് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പിസിആർ പരിശോധനയിലാണ് നിപ പോസിറ്റീവായത്.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്ക് വിദഗ്ധ പരിശോധനകളുടെ ഭാഗമായി എംആർഐ സ്കാൻ എടുത്തിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഇയാളെ നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത്, സ്വകാര്യ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയാണെങ്കിൽ ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക നിപ വാർഡിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

രോഗിക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ അടിയന്തരമായി നിയോഗിച്ചു. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് അതിവേഗം തയ്യാറാക്കി വരികയാണ്. പട്ടികയിലുള്ള നിരവധി പേരെ ഇതിനോടകം തന്നെ നിരീക്ഷണത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് സ്ഥിരീകരിച്ച രോഗിയുടെ സ്രവ സാമ്പിളുകൾ തുടർ സ്ഥിരീകരണത്തിനായി പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് (NIV) അയച്ചിരിക്കുകയാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button