മുൻകാല ചരിത്രം പറഞ്ഞ് വേട്ടയാടുന്നു… സിഐയെ ഭീഷണിപ്പെടുത്തിയ കേസിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി അർജുൻ ആയങ്കി

കൊച്ചി: കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കോതമംഗലം പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അര്‍ജുന്‍ ആയങ്കി. മുന്‍കാലങ്ങളില്‍ കേസുകളില്‍ പ്രതിയായിരുന്നുവെന്ന കാരണത്താല്‍ പൊലീസ് ഇപ്പോഴും തങ്ങളെ വേട്ടയാടുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കോതമംഗലം എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെയാണ് അർജുൻ ആയങ്കി പരാതി നൽകിയിരിക്കുന്നത്. യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് കോതമംഗലം പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് അർജുൻ ആയങ്കി പരാതിയിൽ വ്യക്തമാക്കുന്നു.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോൾ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. യാതൊരു കാരണവുമില്ലാതെയാണ് റിസോർട്ടിൽ നിന്നും പിടികൂടിയതെന്നും, പിന്നീട് ഹൈവേ റോബറി (പാതയോര കൊള്ള) പദ്ധതിയിട്ടുവെന്ന് ആരോപിച്ച് കള്ളക്കേസ് ചുമത്തുകയായിരുന്നെന്നുമാണ് പരാതിയിൽ പറയുന്നത്. മരട് അനീഷിന്റെ കൂട്ടാളികളും അന്ന് കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസില്‍ കോടതിയിൽ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെ അർജുൻ ആയങ്കി സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പൊലീസ് വീണ്ടും നടപടി ശക്തമാക്കിയിരുന്നു.
കോതമംഗലം സിഐ പ്രശാന്തിനെ ലക്ഷ്യമിട്ട് അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കിലിട്ട പോസ്റ്റിലെ ഈ വാക്കുകളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അര്‍ജുന്‍ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.,ഇതിന് പിന്നാലെ, താരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനായി കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പൊലീസിന്റെ ഭാഗത്തുനിന്ന് ജാമ്യം റദ്ദാക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനിടയിലാണ്, പൊലീസിനെ പ്രതിരോധത്തിലാക്കാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് അർജുൻ ആയങ്കി രംഗത്തെത്തിയിരിക്കുന്നത്.



