ഇടുക്കി പാമ്പനാറിൽ ഭീതി പരത്തി 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു…

ഇടുക്കി: പീരുമേട് പാമ്പനാറിൽ രണ്ടു ദിവസത്തിനിടെ 19 പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യർക്ക് പുറമെ പ്രദേശത്തെ മറ്റ് നായ്ക്കളെയും കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെയും ഈ നായ കടിച്ചിരുന്നു. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ പീരുമേട് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സാഹചര്യം വിലയിരുത്തുന്നതിനായി പീരുമേട് പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പരിധിയിൽ വ്യാപകമായി വാക്സിനേഷൻ ഡ്രൈവ് നടത്താനാണ് യോഗത്തിലെ തീരുമാനം. വളർത്തുമൃഗങ്ങൾക്കും തെരുവ് നായ്ക്കൾക്കും വാക്സിൻ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ 19 പേർക്കും ഇതിനോടകം തന്നെ രണ്ട് ഡോസ് വാക്സിനേഷൻ വീതം നൽകിയിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
പീരുമേട് പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ പാമ്പനാർ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലുമായിരുന്നു രണ്ടു ദിവസമായി തെരുവുനായയുടെ അഴിഞ്ഞാട്ടം നടന്നത്. നടന്നുപോയവർക്കും വ്യാപാരികൾക്കുമെല്ലാം നേരെ നായ അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റവർ ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വരും ദിവസങ്ങളിലും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.



