രണ്ടു വയസ്സുള്ള പശുവിനെ തെരുവുനായ കടിച്ചു..കർഷകൻ ജീവനൊടുക്കി

സ്നേഹിച്ചു വളർത്തിയ പശു തെരുവുനായയുടെ കടിയേറ്റു ചത്തതിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കി. മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. ഡിസംബർ 31-ന് വയലിൽ കെട്ടിയിട്ടിരുന്ന നാരായണന്റെ രണ്ടു വയസ്സുള്ള പശുവിനെ തെരുവുനായ കടിച്ചു. പശുവിന് കൃത്യമായി കുത്തിവെപ്പുകൾ എടുത്തിരുന്നുവെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ജനുവരി 18-ന് പശു ചാവുകയും ചെയ്തു.
പശുവിന്റെ മരണം നാരായണനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. പശുവിനെ കടിച്ച നായയെ പിന്നീട് സമീപത്തെ പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ നാരായണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറിയപ്പെടുന്ന നെല്ല്-കവുങ്ങ് കർഷകനും മികച്ചൊരു ക്ഷീരകർഷകനുമായിരുന്നു ഇദ്ദേഹം. ദീർഘകാലം വിദ്യാനഗർ കാംപ്‌കോ ശാഖയിൽ തൊഴിലാളിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.



