തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം അടച്ചു.. ഗർഭിണികൾ..

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്. ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനെത്തുടർന്ന് ഈ വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിച്ചതായി പരാതി ഉയർന്നു. ഗർഭിണികളായ സാധാരണക്കാരാണ് ഇതിലൂടെ ഏറെ ദുരിതത്തിലായിരിക്കുന്നത്. ആശുപത്രിയിലെ ഒരു ഡോക്ടർ വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിയിലാണ്. മറ്റൊരു സീനിയർ കൺസൾട്ടന്റ് ദീർഘകാല അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതായും ആരോപണമുണ്ട്. മൂന്നാമത്തെ ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയെങ്കിലും, പകരം ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. ഈ ഡോക്ടറുടെ അവധി സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് പുതിയ നിയമനത്തിന് തടസ്സമെന്നാണ് ലഭിക്കുന്ന വിവരം. പ്രസവത്തിനായി എത്തിയവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് എന്നും പരാതി ഉണ്ട്.
ഗൈനക്കോളജി വിഭാഗത്തിൽ എത്തുന്ന രോഗികൾ വലിയ ദുരിതത്തിലാണ്. വലിയ പ്രതിഷേധമാണ് രോഗികൾ ഉയർത്തുന്നത്. സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി രോഗികൾ പറയുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവർ ഉയർത്തുന്ന ആവശ്യം. മറ്റൊരാളെ പകരം നിയമിക്കാതെ നിലവിൽ ഇരിക്കുന്ന ഡോക്ടർക്ക് ട്രാൻസ്ഫർ നൽകുന്നതെങ്ങനെയാണെന്നതും ദുരൂഹമാണ്.
ട്രാൻസ്ഫറുകൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നിലയിൽ ആകണമെന്നും സർക്കാർ മാറി എന്ന് കരുതി ഇത്തരം നടപടികൾ ഉണ്ടാകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം താൽക്കാലിക പരിഹാരം ചെയ്തിട്ടുണ്ടെന്നായിരുന്നു മലപ്പുറം ഡിഎംഒ നൽകിയ വിശദീകരണം. എന്നാൽ ഒപി മുടങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. മറ്റ് വിഭാഗങ്ങളിലും സമാന പ്രതിസന്ധിക്ക് സാധ്യത ഉണ്ടെന്നും പരാതി ഉയരുന്നുണ്ട്.




