എംഡിഎംഎ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ…. എട്ട് പേർക്ക്…

കോഴിക്കോട്: കൂത്താളിയിൽ എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം. വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിലെ പ്രധാന കണ്ണികളിലൊരാളെന്ന് പൊലീസ് പറയുന്ന കൂത്താളി ചെമ്പോടുംപൊയിൽ അനസ് (30) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. അനസിനെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസ് സംഘം പരിശോധന നടത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ അനസും വീട്ടുകാരും ചേർന്ന് ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ എട്ട് പൊലീസുകാർക്ക് പരിക്കേറ്റു. റൂറൽ എസ്.പിയുടെ സ്പെഷൽ സ്ക്വാഡിലെ എസ്.ഐ. മനോജ് രാമത്ത്, എ.എസ്.ഐമാരായ വി.ഐ. ഷാജി, സി.എം. സുനിൽ കുമാർ, എസ്.സി.പി.ഒ ടി.കെ. ശോഭിത്ത്, സി.പി.ഒമാരായ അനൂപ്സൺ, മിഥുൻ മോഹൻ, ലിധിൻ, പേരാമ്പ്ര സ്റ്റേഷനിലെ സി.പി.ഒ ലിസ്ന എന്നിവർക്കാണ് പരിക്കേറ്റത്. ശോഭിത്തിന്റെ മുഖത്തും സുനിൽ കുമാറിന്റെ കൈയിലും കമ്പിവടികൊണ്ടുള്ള അടിയേറ്റ് മുറിവേറ്റതായി പൊലീസ് അറിയിച്ചു. കുട്ടിയെ മുന്നിൽ പരിചപോലെ ഉയർത്തിപ്പിടിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസിന്റെ ആരോപണം. പരിക്കേറ്റ എട്ട് പേരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പേരാമ്പ്രയിൽനിന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി അനസിനെയും സഹോദരൻ ചെമ്പോടുംപൊയിൽ ആസിഫിനെയും (32) കീഴടക്കി കസ്റ്റഡിയിലെടുത്തു.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത ഇരുവരെയും പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. എംഡിഎംഎ കേസിൽ ഇരുവരെയും പിന്നീട് വടകര പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പേരാമ്പ്ര എ.എസ്.പി ആർതി യാദവ് പരിക്കേറ്റ പൊലീസുകാരെ സന്ദർശിച്ച് വിവരങ്ങൾ തേടി. അതേസമയം, വടകരയിലെ എംഡിഎംഎ കേസിൽ നേരത്തെ അറസ്റ്റിലായ അധ്യാപിക കീർത്തനയും അനസുമായി ബാങ്ക് വഴി പണമിടപാട് നടത്തിയതിന്റെ രേഖകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. കീർത്തനയെ മയക്കുമരുന്ന് ഇടപാടിലേക്ക് എത്തിക്കുന്നതിൽ അനസിന് പ്രധാന പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഫോണിൽ വീഡിയോ ചിത്രീകരിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വീഡിയോകൾ ഉപയോഗപ്പെടുത്തി സ്ത്രീകളെ മയക്കുമരുന്ന് വിപണനശൃംഖലയുടെ ഭാഗമാക്കിമാറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button