സ്വന്തം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുന്നതിനേക്കാൾ നല്ലത് സ്വന്തം മണ്ണിൽ മരിക്കുന്നതാണ്’

ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്റെ ജന്മനാട്ടിലേക്കുള്ള മടക്കയാത്രയിൽ ഉറച്ചുനിൽക്കുന്നു. വധശിക്ഷയും തടവറയും നേരിടേണ്ടി വരുമെന്ന് ഉറപ്പുണ്ടെങ്കിലും, ഡിസംബറിൽ തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് 79 കാരിയായ ഹസീന വ്യക്തമാക്കിയിരിക്കുന്നത്. ‘അസോസിയേറ്റഡ് പ്രസ്’ എന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിക്ക് നൽകിയ ഇമെയിൽ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
“മരണമാണ് എന്റെ വിധിയെങ്കിൽ, വിദേശത്ത് ഇരുന്ന് സ്വന്തം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുന്നതിനേക്കാൾ, എന്റെ സ്വന്തം മണ്ണിൽ, സ്വന്തം ആളുകളുടെ ഇടയിൽ വെച്ച് മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്” ഹസീന പറഞ്ഞു. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിന് അമേരിക്കയുടെയോ ഇന്ത്യയുടെയോ അടക്കമുള്ള വിദേശശക്തികളുടെ യാതൊരുവിധ ഇടപെടലുകളും സഹായങ്ങളും തനിക്ക് ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ പാർട്ടിയായ അവാമി ലീഗിന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഏർപ്പെടുത്തിയ നിരോധനത്തെ ഹസീന ശക്തമായി വിമർശിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാവി തീരുമാനിക്കേണ്ടത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ ജനങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടി.
2024 ആഗസ്റ്റിൽ നടന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് 15 വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭകർക്കെതിരെയുള്ള നടപടികളുടെ പേരിൽ ബംഗ്ലാദേശിലെ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹസീനയെ നാടുകടത്തണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.


