കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമ്മാണം; പാലാരിവട്ടത്ത് നാളെ മുതൽ..

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടത്ത് താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ചിന് സമീപം പൈലിംഗ് ജോലികൾ നടക്കുന്നതിനാൽ ശ്രീനാരായണ ജംഗ്ഷൻ (എസ്.എൻ. ജംഗ്ഷൻ) മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡിലാണ് നവംബർ 6 വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തുക. ഒരു മാസത്തേക്കാണ് ഗതാഗത ക്രമീകരണം നിലവിലുണ്ടാകുക.
ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങൾ എസ്.എൻ. ജംഗ്ഷനിൽനിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് യാത്ര തുടരേണ്ടതാണ്. ഗതാഗതം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അധികൃതർ ട്രയൽ റൺ നടത്തി. കൊച്ചി മെട്രോ റെയിൽ അധികൃതരും സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും ട്രയൽ റൺ നിരീക്ഷിച്ചു. യാത്രക്കാർ നിർദേശിച്ചിട്ടുള്ള ഗതാഗത ക്രമീകരണങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അഭ്യർഥിച്ചു.



