റെയിൽവേ കേബിൾ കവർച്ച; 125 മീറ്റർ ചെമ്പ് കേബിൾ മുറിച്ചുകടത്തി; ട്രെയിൻ ഗതാഗതം താളംതെറ്റിച്ച പ്രതി വലയിൽ

റെയിൽവേയുടെ സിഗ്നൽ കേബിളുകൾ മുറിച്ചുമാറ്റി മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ പോലീസ് പിടിയിലായി. ബാലരാമപുരം സ്വദേശിയായ സിജുവിനെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. സിഗ്നൽ സംവിധാനത്തിന് ഉപയോഗിക്കുന്ന 125 മീറ്ററോളം വരുന്ന വിലകൂടിയ ചെമ്പ് കേബിളാണ് ഇയാൾ മോഷ്ടിച്ചത്. കവർച്ചയെ തുടർന്ന് തിരുവനന്തപുരം – നെയ്യാറ്റിൻകര റൂട്ടിൽ സിഗ്നൽ സംവിധാനം പൂർണ്ണമായും തകരാറിലായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി ആണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെ തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയിൽ സിഗ്നൽ സംവിധാനം തകരാറിലാകുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാലരാമപുരത്തെ സിഗ്നൽ സംവിധാനത്തിൻ്റെ കേബിളുകൾ മോഷ്ടിച്ചതായി കണ്ടെത്തിയത്.

റെയിൽവേ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സിജു അറസ്റ്റിലായത്. ഇയാളാണ് കവർച്ച ചെയ്ത കേബിൾ വാങ്ങിയത്. കവർച്ചയിൽ അച്ചു എന്നയാളും ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരും ചേർന്നാണ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു കേബിളുകൾ മുറിച്ചു മാറ്റിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

കേബിളുകൾ മോഷണം പോയതിനെ തുടർന്ന് സിഗ്നൽ തകരാറിലായതോടെ മാനുവൽ സംവിധാനത്തിലാണ് റെയിൽവേ തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയിൽ ട്രെയിനുകൾ ഓടിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ആണ് തകരാർ പരിഹരിക്കാനായത്.

Related Articles

Back to top button