‘എന്തിനാണ് വിവാഹ ശേഷം പെൺകുട്ടികളെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നത്?’

വിവാഹശേഷം വധുവിന്റെ കുടുംബത്തെ പിഴിഞ്ഞെടുക്കാൻ ശ്രമിക്കുന്ന രീതിയാണ് നിലവിലുള്ളതെന്ന് സുപ്രീം കോടതി. വിവാഹാനന്തരം സ്ത്രീകൾ നേരിടുന്ന സ്ത്രീധന പീഡനങ്ങളും ക്രൂരതകളും അവസാനിപ്പിക്കണമെന്നും പ്രതികൾക്ക് കർശനമായ സന്ദേശം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. 2010-ൽ ചത്തീസ്ഗഢിൽ ഒരു വധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, ശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.

വിവാഹശേഷം പെൺകുട്ടികളെയും അവരുടെ കുടുംബത്തെയും പണത്തിനായി അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രതികൾക്ക് കർശനമായ സന്ദേശം നൽകണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരത്തിലുള്ള സാമ്പത്തിക ചൂഷണങ്ങളിൽ ഏർപ്പെടുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.

ഭർത്താവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, കീഴ്‌ക്കോടതികൾ വിധിച്ച ശിക്ഷ ശരിവെക്കുകയും ചെയ്തു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികൾക്ക് ഇളവ് നൽകാൻ വിസമ്മതിച്ച സുപ്രീം കോടതി, വധുവിനെയും കുടുംബത്തെയും അപമാനിക്കുന്നവർക്ക് ശക്തമായ സന്ദേശം നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കി. വിവാഹശേഷം വധുവിന്റെ കുടുംബത്തെ പിഴിഞ്ഞെടുക്കാൻ ശ്രമിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും ഇത് സാമ്പത്തിക സമ്മർദത്തിന്റെ ഭാഗമാണെന്നും കോടതി വിമർശിച്ചു.

‘എന്തിനാണ് ആൺകുട്ടികൾ വിവാഹം കഴിച്ച ശേഷം പെൺകുട്ടികളെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നത്?’ എന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

2010-ൽ ഛത്തീസ്ഗഡിൽ നടന്ന സംഭവത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഒരു യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പണവും കാറും ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മരണത്തിന് തൊട്ടുമുൻപ് യുവതി, സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് അവളുടെ കുടുംബം കോടതിയിൽ മൊഴിനൽകി.

വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ അസ്വാഭാവിക മരണം സംഭവിച്ചതിനാൽ ഇത് സ്ത്രീധന മരണമായി കണക്കാക്കാമെന്ന് കോടതി വിലയിരുത്തി. 304ബി (സ്ത്രീധന മരണം), 306 (ആത്മഹത്യ പ്രേരണ), 498എ (ക്രൂരതയും പീഡനവും) തുടങ്ങിയ വകുപ്പുകൾ പ്രകാരം ഭർത്താവിന്റെ കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾ ഈ കേസിൽ ശിക്ഷിക്കപ്പെട്ടു. ശിക്ഷ ഛത്തീസ്ഗഢ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശിക്ഷയിൽ ഇളവ് തേടി മരിച്ച യുവതിയുടെ ഭർത്താവിന്റെ സഹോദരൻ സുപ്രീം കോടതിയെ സമീപിച്ചത്. ഈ അപ്പീൽ കോടതി തള്ളുകയായിരുന്നു.

Related Articles

Back to top button