പോലീസ് കാന്റീനിൽ കയറി മൊബൈൽ ഫോൺ തട്ടിയെടുത്തു; സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങിയത്..

പോലീസ് കാന്റീനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. പത്തനംതിട്ട കോഴഞ്ചേരി തട്ടാംപിലാക്കൽ വീട്ടിൽ ഹാരിസ് ടി.എച്ച്. (46) ആണ് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്.

മാനാഞ്ചിറ കമ്മീഷണർ ഓഫീസിന്റെ സമീപത്ത് പ്രവർത്തിക്കുന്ന പോലീസ് കാന്റീനിൽ ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. കാക്കൂർ സ്വദേശിയായ അബ്ദുൾ സലാമിന്റെ ഓപ്പോ കമ്പനിയുടെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന ഇവിടെ എത്തിയ പ്രതി ക്യാഷ് കൗണ്ടറിന് മുകളിൽ നിന്ന് ഫോൺ എടുത്തുകൊണ്ട് പോകുകയായിരുന്നു.

തുടർന്ന് അബ്ദുൾ സലാമിന്റെ പരാതിയിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നും പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് കോഴിക്കോട് സ്റ്റേഡിയം പരിസരത്തുവെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുറഹ്‌മാൻ കെ., ഹാദിൽ കുന്നുമ്മൽ, അനീഷ് മുസ്സേൻവീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, ജിനേഷ് ചൂലൂർ, സൈബർ സെല്ലിലെ ഷെഫിൻ, കസബ പോലീസ് സ്റ്റേഷൻ എസ്‌ഐ നിമിൻ കെ. ദിവാകരൻ എഎസ്‌ഐ രജീഷ് എന്നിവർ ചേർന്നുള്ള അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അരീക്കാട് മാളിയേക്കൽ വെയ് ബ്രിഡ്ജിനടുത്തുള്ള പറമ്പിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചു വരുത്തി അവരുടെ പണവും വസ്തുക്കളും മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. തൊഴിലാളികൾ ജോലിയെടുക്കുന്ന സമയത്ത് അവരുടെ 11000 രൂപയും, 20000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകൾ അടങ്ങിയ ബാഗുകളുമാണ് ഹാരിസ് മോഷ്ടിച്ചത്.

ഇതുകൂടാതെ, 2021-ൽ ട്രെയിനിൽവെച്ച് മൊബൈൽ ഫോൺ മോഷണം നടത്തിയതിന് തൃശ്ശൂർ റെയിൽവെ പോലീസ് സ്റ്റേഷനിലടക്കം മറ്റ് നിരവധി കേസുകളും ഹാരിസിനെതിരെ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button