റോഡിലെ തർക്കം; ലോറി തടഞ്ഞുനിർത്തി ഡ്രൈവർക്കും ക്ലീനർക്കും മർദനം; നഷ്ടമായത് 35,000 രൂപയും 15 മണിക്കൂറും.

ദേശീയപാതയിലുണ്ടായ ചെറിയൊരു ഉരസലിനെത്തുടർന്ന് ട്രക്ക് ജീവനക്കാരെ ക്രൂരമായി മർദിച്ച ടൂറിസ്റ്റ് ബസ് സംഘത്തിന് ഒടുവിൽ പിഴയൊടുക്കി തലയൂരേണ്ടി വന്നു. 35,000 രൂപ നഷ്ടപരിഹാരം നൽകിയതിന് പുറമെ, പൊലീസ് സ്റ്റേഷനിലെ നടപടികൾക്കായി ഇവരുടെ 15 മണിക്കൂർ സമയവും നഷ്ടമായി. പുളിഞ്ചോട് ഭാഗത്ത് കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം.

കളമശേരിയിൽ നിന്ന് കർണാടകയിലെ ബെല്ലാരിയിലേക്ക് ചരക്കുമായി പോകുകയായിരുന്ന ട്രക്കും, പഴനി തീർഥാടനം കഴിഞ്ഞ് തിരുവല്ലയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടക സംഘത്തിന്റെ ടൂറിസ്റ്റ് ബസും തമ്മിൽ ചെറുതായി ഉരസി. ട്രക്ക് നിർത്താതെ മുന്നോട്ട് പോയതോടെ ബസ് ജീവനക്കാർ 4 കിലോമീറ്റർ ദൂരം പിന്തുടർന്ന് മുട്ടത്തുവെച്ച് നടുറോഡിൽ തടഞ്ഞു നിർത്തി.

ബസിലുണ്ടായിരുന്നവർ ട്രക്കിന്റെ മുൻചില്ല് തല്ലിപ്പൊട്ടിക്കുകയും, ഡ്രൈവറെയും ക്ലീനറെയും ക്യാബിനിൽ കയറി ക്രൂരമായി മർദിക്കുകയും ചെയ്തു. സ്ത്രീകൾ ഉൾപ്പെടേയുള്ളവർ ട്രക്ക് ജീവനക്കാർക്ക് നേരെ കയർക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. രാജസ്ഥാൻ സ്വദേശികളായ ട്രക്ക് ഡ്രൈവർ മാവിർ (40) ക്ലീനർ ശ്രാവണും (42) ആണ് മർദനത്തിന് ഇരയായത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് ലോറി ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ബസും ട്രക്കും സ്റ്റേഷനിലേക്ക് മാറ്റി.

ബസ് ജീവനക്കാരനായ രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നെങ്കിലും ട്രക്ക് ജീവനക്കാർ മൊഴി നൽകാൻ തയ്യാറാകാത്തതിനാൽ കേസ് എടുക്കാൻ കഴിഞ്ഞില്ല. നഷ്ടപരിഹാരമായി 95000 രൂപ വേണമെന്നായിരുന്നു ട്രക്ക് ജീവനക്കാരുടെ ആവശ്യം. എന്നാൽ ബസ് ജീവനക്കാർ ഇത് നിഷേധിച്ചു. നീണ്ട ചർച്ചകൾക്കൊടുവിൽ 35000 രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കി. ഇരുകൂട്ടരും പരാതിയില്ലെന്ന് എഴുതി നൽകിയ ശേഷമാണ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്. ആക്രമണത്തിൻറെ വീഡിയോ പുറത്ത് വന്നത് മുതൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം സമൂഹമാധ്യങ്ങളിൽ ശക്തമായിരുന്നു.

Related Articles

Back to top button