ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ബ്രിക്സ് ആർക്കും എതിരായ കൂട്ടായ്മയല്ലെന്നും സമവായത്തിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ലോക നേതാക്കളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, കഴിഞ്ഞ 20 വർഷത്തിനിടെ ആഗോള വേദിയിൽ ബ്രിക്സ് സ്വന്തമായ വ്യക്തിത്വം സ്ഥാപിച്ചെന്നും പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് 300ലധികം യോഗങ്ങൾ വിവിധ ഘട്ടങ്ങളിലായി നടന്നു. 30ലധികം നഗരങ്ങളിൽ കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചു. ബ്രിക്സിന്റെ 20-ാം വർഷം ആഘോഷിക്കുന്ന ചരിത്രഘട്ടത്തിലൂടെയാണ് സംഘടന കടന്നുപോകുന്നതെന്നും മോദി പറഞ്ഞു.

പരിഷ്കരണങ്ങളാണ് ലക്ഷ്യം. പരസ്പര കാഴ്ചപ്പാടുകളെ ബഹുമാനിച്ചും സമവായത്തിലൂടെയും മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ക്രമത്തിൽ അധികാരം ചില രാജ്യങ്ങളിലോ ശക്തികേന്ദ്രങ്ങളിലോ മാത്രം ഒതുങ്ങുന്ന രീതി മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികാരവും അവകാശവും കേന്ദ്രീകരിക്കുന്ന സംവിധാനത്തിന് പകരം ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്ന വേദി രൂപപ്പെടണം. ഗ്ലോബൽ സൗത്ത് തീരുമാനങ്ങൾ സ്വീകരിക്കുന്നവരായി മാത്രം നിൽക്കാതെ ആഗോള നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിൽ കൂടുതൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാവികരുടെ സുരക്ഷയും പ്രധാന വിഷയമായി മോദി ഉയർത്തിക്കാട്ടി. വലിയ സംഘർഷങ്ങളിലൂടെയാണ് നാവികർ കടന്നുപോകുന്നത്.

ആഗോള വ്യാപാരത്തിന്റെയും വിതരണ ശൃംഖലയുടെയും നിലനിൽപ്പിൽ നാവികർ നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും അവർക്ക് അർഹിക്കുന്ന പിന്തുണ ലഭിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബ്രിക്സിനുള്ളിലെ ഐക്യവും സമവായവും ആഗോള വേദിയിൽ കൂടുതൽ ഫലപ്രദമായ ഇടപെടലുകളാക്കി മാറ്റേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. അടുത്ത 20 വർഷത്തേക്ക് പുതിയതും അഭിലാഷപൂർണ്ണവുമായ അജണ്ടയ്ക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബ്രിക്സ് ഉച്ചകോടി ആഗോള ഭരണസംവിധാനത്തിലെ പരിഷ്കരണവും ഗ്ലോബൽ സൗത്തിന്റെ കൂടുതൽ പങ്കാളിത്തവും ചർച്ച ചെയ്യുന്ന നിർണായക വേദിയായാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button