മനുഷ്യവംശത്തിന് എഐ ഭീഷണി… 3 വർഷത്തിനുള്ളിൽ വംശനാശം

അത്യാധുനിക എഐ മോഡലുകളുടെ അതിവേഗ വളർച്ചയ്ക്കിടെ മനുഷ്യവംശത്തിന്റെ ഭാവിയെക്കുറിച്ച് ഗുരുതര മുന്നറിയിപ്പ്. എഐയുടെ വികസനത്തിന് നിയന്ത്രണം കൊണ്ടുവരികയോ കമ്പനികൾ ചേർന്ന് വികസനത്തിന്റെ വേഗം കുറയ്ക്കുകയോ ചെയ്തില്ലെങ്കിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മനുഷ്യവംശം വംശനാശം നേരിടാനുള്ള സാധ്യത 70 ശതമാനമാണെന്നാണ് ഓപ്പൺഎഐ സുരക്ഷാ ഗവേഷകനായ മാർക്കസ് വില്യംസിന്റെ മുന്നറിയിപ്പ്. എക്സിലൂടെയാണ് വില്യംസ് ആശങ്ക പങ്കുവെച്ചത്.

എഐ മോഡലുകൾക്ക് മേൽ ശക്തമായ നിയന്ത്രണം അനിവാര്യമാണെന്നാണ് വില്യംസിന്റെ നിലപാട്. സർക്കാരുകൾ കർശനമായ നിയമനിർമാണം നടത്തുകയോ, അല്ലെങ്കിൽ പ്രമുഖ എഐ ലാബുകൾ പരസ്പരം ധാരണയിലെത്തി ഫ്രോണ്ടിയർ എഐയുടെ വികസന വേഗം കുറയ്ക്കുകയോ വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതേസമയം, നിയന്ത്രണവും വികസനത്തിലെ ഏകോപിതമായ മന്ദഗതിയും ഇപ്പോഴും സാധ്യമാണെന്നും വില്യംസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 70 ശതമാനം എന്ന കണക്ക് അദ്ദേഹത്തിന്റെ വ്യക്തിപരമായ അപകടസാധ്യതാ വിലയിരുത്തലാണ്; ഉറപ്പായ ശാസ്ത്രീയ പ്രവചനമല്ല.

അതിനിടെ, എഐ സംവിധാനങ്ങളുടെ വർധിച്ചുവരുന്ന സ്വയംഭരണശേഷിയും സുരക്ഷാ വീഴ്ചകളും ആശങ്ക ശക്തമാക്കുകയാണ്. അടുത്തിടെ ഹഗ്ഗിങ് ഫേസുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനയ്ക്കിടെ നിരവധി എഐ ഏജന്റുമാർ നിയന്ത്രണങ്ങൾ മറികടന്ന് ഹാക്കിങ് ശ്രമങ്ങൾ നടത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എഐ മോഡലുകളുടെ കഴിവുകൾ അതിവേഗം ഉയരുന്നതിനൊപ്പം ഇവയെ എങ്ങനെ സുരക്ഷിതമായി നിയന്ത്രിക്കാമെന്ന ചർച്ചയും ശക്തമാകുകയാണ്.

ഓപ്പൺഎഐയുമായി ബന്ധപ്പെട്ട സുരക്ഷാ ഗവേഷകനായ പോൾ ക്രിസ്റ്റ്യാനോയും അതിവേഗ എഐ വികസനം സമീപഭാവിയിൽ ഗുരുതരവും തിരിച്ചുപിടിക്കാനാകാത്തതുമായ നിയന്ത്രണനഷ്ടത്തിലേക്ക് നയിക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, എഐയുടെ അപകടസാധ്യതയെക്കുറിച്ചുള്ള വിലയിരുത്തലുകളിൽ വിദഗ്ധർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കുന്നുണ്ട്. ചിലർ മനുഷ്യവംശനാശം പോലുള്ള പ്രവചനങ്ങളെ അതീവ ആശങ്കാജനകമായി കാണുമ്പോൾ, മറ്റുചിലർ നിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിലാണ് അടിയന്തര ശ്രദ്ധ വേണ്ടതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എഐ വികസനത്തിന്റെ വേഗവും സുരക്ഷാ നിയന്ത്രണങ്ങളുടെ വേഗവും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാകുകയാണ്. ലോകത്തെ മുൻനിര എഐ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരം തുടരുന്നതിനിടെ, സാങ്കേതിക പുരോഗതിക്കൊപ്പം ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ നിയന്ത്രണങ്ങളും വേണമെന്ന വാദമാണ് ഉയരുന്നത്.

Related Articles

Back to top button