വാഹനാപകടമെന്ന് വ്യാജവിവരം… ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആക്രമിച്ച സൈനികൻ…

തിരുവനന്തപുരം: ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാർ (35) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കരസേനയിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ. സംസ്ഥാനപാതയിൽ തട്ടത്തുമലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. തന്റെ വാഹനം അപകടത്തിൽപ്പെട്ടെന്നും വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുകയാണെന്നും കാണിച്ച് അനീഷ് തന്നെയാണ് ഫയർഫോഴ്സ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്.
വിവരമറിഞ്ഞ് കടയ്ക്കൽ ഫയർഫോഴ്സ് നിലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. എന്നാൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വാഹനം അപകടത്തിൽപ്പെട്ടിട്ടില്ലെന്നും അനീഷ് റോഡിൽ നിൽക്കുകയാണെന്നും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനത്തിലെ ഇന്ധനം തീർന്നതാണെന്ന് ഇയാൾ പറഞ്ഞു. ഇതിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമായി അനീഷ് തർക്കിക്കുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെയും ആക്രമിക്കാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കിളിമാനൂർ പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


