മൈസൂരു ഹോസ്റ്റൽ ഭക്ഷണ വിവാദം…. ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി, മെസ്സ് അടപ്പിച്ചു….. കർശന നടപടിയുമായി കർണാടക സർക്കാർ

ബെംഗളൂരു: മൈസൂരുവിലെ അഞ്ച് കോളേജ് ഹോസ്റ്റലുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത ‘ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസി’യുടെ ലൈസൻസ് കർണാടക സർക്കാർ റദ്ദാക്കി. കെ.സി. വേണുഗോപാൽ എംപി ഇടപെട്ടതിന് പിന്നാലെയാണ് കർണാടക ആരോഗ്യ വകുപ്പിന്റെ അടിയന്തര നടപടി. അഞ്ച് കോളേജുകളിൽ ഭക്ഷണം എത്തിച്ചിരുന്ന ഏജൻസിയുടെ പ്രവർത്തനം തടയുകയും മെസ്സുകൾ പൂട്ടിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മെസ്സുകളിൽ നേരിട്ടെത്തി പരിശോധന നടത്തി. അവിടെ നിന്നും ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. മെസ്സുകൾ അടപ്പിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ സർക്കാർ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

മലയാളികൾ തന്നെ നടത്തുന്ന ഈ ഏജൻസി പ്രതിവർഷം 80,000 രൂപയാണ് മെസ്സ് ഫീസായി വാങ്ങിയിരുന്നത്. എന്നിട്ടും ചോറിൽ പാറ്റയും കോഴിക്കറിയിൽ രക്തവും തൂവലും ചപ്പാത്തിയിൽ പ്ലാസ്റ്റിക്കും നൽകി വിദ്യാർത്ഥികളുടെ ആരോഗ്യം വെച്ചു കളിക്കുകയായിരുന്നു എന്ന് തെളിഞ്ഞു. ഭക്ഷണം മോശമാണെന്ന് പരാതിപ്പെടുന്ന വിദ്യാർത്ഥികളെ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും സർട്ടിഫിക്കറ്റ് നൽകില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്ന സാഹചര്യത്തിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്. വിഷയത്തിൽ കെ.സി. വേണുഗോപാൽ എംപി നടത്തിയ ഇടപെടലുകളും തുടർന്ന് സ്വീകരിച്ച നടപടികളും ആരോഗ്യമന്ത്രി അദ്ദേഹത്തെ നേരിട്ട് അറിയിച്ചു. വിദ്യാർത്ഥികൾ പുറത്തുവിട്ട ദൃശ്യങ്ങൾ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.

Related Articles

Back to top button