വാടക മുടങ്ങിയതിന് ക്രൂരത…. പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം….. ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തി, പണം കവർന്നതായും പരാതി

പത്തനംതിട്ട: ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനായ ടോണിക്കെതിരെ മുൻ ഉടമയുടെയും സംഘത്തിന്റെയും ക്രൂരമായ ആക്രമണം. മർദ്ദനത്തിന് പുറമെ ഹോട്ടലിലെ ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പണം കവർന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മുൻ ഉടമ പ്രിൻസ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ അടൂർ പോലീസ് കേസെടുത്തു.

ഹോട്ടൽ നടത്തിപ്പിനായി മുൻ ഉടമകളിൽ നിന്ന് രണ്ടര ലക്ഷം രൂപയ്ക്ക് ടോണി ഉപകരണങ്ങൾ വാങ്ങിയിരുന്നു. ദിവസേന 1000 രൂപ വീതം നൽകാമെന്നായിരുന്നു കരാർ. ഗ്യാസ് പ്രതിസന്ധി മൂലം 26 ദിവസം ഹോട്ടൽ അടച്ചിടേണ്ടി വന്നതോടെ ദിവസേനയുള്ള തുക നൽകുന്നത് മുടങ്ങി. ഇതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ മാസം 25-നായിരുന്നു സംഭവം. പ്രിൻസും കൂട്ടാളികളും ഹോട്ടലിൽ അതിക്രമിച്ചു കയറി ടോണിയെ മർദ്ദിക്കുകയും ഹോട്ടലിലെ ഭക്ഷണസാധനങ്ങളിൽ ഹാൻവാഷ് കലർത്തി നശിപ്പിക്കുകയും ചെയ്തു. കൂടാതെ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന പണം പ്രതികൾ കവർന്നതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

ടോണിയുടെ പരാതിയിൽ വധശ്രമം, മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അടൂർ പോലീസ് അന്വേഷണം നടത്തുന്നത്. ഭക്ഷണത്തിൽ വിഷാംശം കലർത്താൻ ശ്രമിച്ച പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

Related Articles

Back to top button