ലീഗ് നേതൃത്വത്തിന് താക്കീത്…. ‘സതീശന്റെ പിആർ ചതിക്കുഴിയിൽ വീഴരുത്’….

മലപ്പുറം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ, മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ മലപ്പുറം കോട്ടക്കലിൽ പ്രതിഷേധ ഫ്ലക്സുകൾ. ‘പച്ചപ്പട മലപ്പുറം’ എന്ന പേരിലാണ് വി.ഡി. സതീശനെയും ലീഗ് നിലപാടിനെയും വിമർശിച്ചുകൊണ്ട് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

“മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ, നമ്മുടെ നേതാക്കൾ വി.ഡി. സതീശന്റെ പിആർ ചതിക്കുഴിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം” എന്നാണ് ഫ്ലക്സിലെ പ്രധാന വാചകം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുറകിൽ നിന്ന് കുത്തിയ വ്യക്തിയാണ് വി.ഡി. സതീശനെന്നും, ഇപ്പോൾ പിആർ വർക്കുകളിലൂടെ പാർട്ടിയെയും അണികളെയും മണ്ടന്മാരാക്കുകയാണെന്നും ഫ്ലക്സിൽ ആരോപിക്കുന്നു. വോട്ടെണ്ണലിന് മുൻപേ വി.ഡി. സതീശനെ പിന്തുണച്ച് ലീഗ് അധ്യക്ഷൻ രംഗത്തെത്തിയതിലുള്ള ഒരു വിഭാഗം അണികളുടെ പരസ്യമായ പ്രതിഷേധമായാണ് ഈ ഫ്ലക്സുകൾ വിലയിരുത്തപ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മുസ്ലിം ലീഗിന്റെ കോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറത്ത് തന്നെ ഇത്തരമൊരു ബോർഡ് ഉയർന്നത് ലീഗ് നേതൃത്വത്തെയും യുഡിഎഫിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Related Articles

Back to top button