‘എന്റെ കൊച്ച് സ്വയം മരിക്കില്ല, അവൻ കൊന്നതാണ്’… അടൂരിൽ യുവതിയുടെ മരണം കൊലപാതകമെന്ന്…

പത്തനംതിട്ട: അടൂര്‍ കോട്ടമുറിയില്‍ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന ആണ്‍സുഹൃത്ത് തന്റെ മകളെ കൊന്നതാണെന്ന് അമ്മ ആരോപിച്ചു. അവന്‍ തന്നെ ചെയ്തതാ സാറേ… ഞങ്ങള്‍ക്ക് മൊത്തത്തില്‍ സംശയമുണ്ട്. അവന്റെ ബൈക്ക് ഇവിടെയുണ്ടല്ലോ. അവന്‍ തന്നെ ചെയ്തതാണ്. എന്നിട്ട് അവന്‍ തന്നെ എല്ലാവരേയും വിളിച്ച് അറിയിച്ചു. വേറെ ആര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അറിയില്ല. എന്റെ കൊച്ച് സ്വയം മരിക്കില്ല, എന്ന് മരിച്ച യുവതിയുടെ മാതാവ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഷെഹനയെ(31) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ നഗരസഭാ കൗണ്‍സിലറെ വിവരം അറിയിച്ചു. കൗൺസിലർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് ഷെഹനയുടെ ആണ്‍സുഹൃത്ത് വീടിന് ഉള്ളിൽ നിന്നും പുറത്തുവന്നത്. തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഷെഹനയെ സ്റ്റെയര്‍കേസിന്റെ ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാർ അടൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ യുവാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും കസ്റ്റഡിയിലുള്ള യുവാവിന്റെയും ശരീരത്തില്‍ രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. നിലവിൽ ഏഴംകുളം സ്വദേശിയായ ആൺസുഹൃത്താണ് പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നും കേസിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.



