വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്… കായംകുളം സ്വദേശിക്ക്…

കായംകുളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം കൊച്ചുതുണ്ടത്തിൽ വീട്ടിൽ നിഥിൻ രാജിനെയാണ് (26) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി ആർ ശിക്ഷിച്ചത്. കേസിൽ കായംകുളം പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിനും ശക്തമായ തെളിവുകൾക്കും ഒടുവിലാണ് ഇപ്പോൾ കോടതി പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.
കായംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വൈ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിയത്. തുടർന്ന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ആർ. രാജേഷ് കുമാർ ഹാജരായി ശക്തമായ വാദമുഖങ്ങൾ നിരത്തി. എസ്ഐ നിസ്സാം, എഎസ്ഐ ദീപ ടി. ആർ, സീനിയർ സിപിഒ ദിലീപ്, സിപിഒ പ്രശാന്ത് എന്നിവരാണ് കേസിന്റെ പ്രോസിക്യൂഷൻ നടപടികൾ വിജയകരമായി ഏകോപിപ്പിച്ചത്. കോടതി വിധിച്ച പിഴത്തുകയായ ഒരു ലക്ഷം രൂപ പ്രതിയിൽ നിന്ന് ഈടാക്കാനുള്ള നടപടികളും പോലീസ് സ്വീകരിക്കും.



