മൂവാറ്റുപുഴ ജില്ലയാക്കണം, രാഷ്ട്രീയ സാഹചര്യം അനുകൂലം… മാത്യു കുഴൽനാടൻ

കൊച്ചി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ആവശ്യം ശക്തമാക്കി മാത്യു കുഴൽനാടൻ എംഎൽഎ. കാർഷിക മേഖലയായ മൂവാറ്റുപുഴയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും ഇതിനായി അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി വി.ഡി. സതീശൻ മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോൾ മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയായത്. മൂവാറ്റുപുഴയെ വിഭജിച്ച് പുതിയ ജില്ലയാക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിലെത്തിയ സാഹചര്യവും മൂവാറ്റുപുഴയിൽ കോൺഗ്രസ് വിജയിച്ചുനിൽക്കുന്നതും അനുകൂല സാഹചര്യമാണ്. മുഖ്യമന്ത്രിക്ക് മുന്നിൽ ആവശ്യം ഉന്നയിച്ചപ്പോൾ അദ്ദേഹം വളരെ പോസിറ്റീവായ പ്രതികരണമാണ് നടത്തിയതെന്നും എംഎൽഎ വ്യക്തമാക്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. നിലവിലെ സർക്കാരിന് തുറന്ന സമീപനമുള്ളതിനാൽ ആവശ്യത്തിനായി പരമാവധി ശ്രമിക്കുമെന്നും കുഴൽനാടൻ പറഞ്ഞു. എറണാകുളം വലിയ ജില്ലയായതിനാൽ നഗരകേന്ദ്രീകൃത വികസനത്തിന് കൂടുതൽ മുൻഗണന ലഭിക്കുന്നുവെന്നാണ് എംഎൽഎയുടെ വാദം. ഇതുമൂലം കിഴക്കൻ മേഖലയിലെ കാർഷിക പ്രദേശങ്ങൾക്ക് ആവശ്യമായ വികസനം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ ജില്ലയായാൽ കാർഷിക ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താനും റെയിൽ, മെട്രോ കണക്ടിവിറ്റി വികസിപ്പിക്കാനും കഴിയുമെന്ന് കുഴൽനാടൻ പറഞ്ഞു. വിമാനത്താവളത്തിന്റെയും തുറമുഖത്തിന്റെയും സാമീപ്യം പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര ട്രേഡ് ഹബ് രൂപപ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവച്ചു. മൂവാറ്റുപുഴയ്ക്ക് മാത്രമായി ജില്ല അനുവദിക്കണമെന്ന നിലപാടില്ലെന്നും സമാനമായ വികസനം ആവശ്യമായ മറ്റ് പ്രദേശങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് നീതിപൂർവമായ തീരുമാനം എടുക്കണമെന്നുമാണ് നിലപാടെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.



