പൊലീസ് സ്റ്റേഷനിൽ പ്രതികളുടെ ഓണം… 7 പൊലീസുകാർക്ക്…

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ ഏഴ് പൊലീസുകാർക്കെതിരെ നടപടി. ഏഴ് പേരെയും എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിക്കുകയും ഇതിന്റെ റീൽസ് ചിത്രീകരിക്കുകയും ചെയ്ത സംഭവം വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്തിനെ നേരത്തെ തന്നെ തൃശൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹം സ്റ്റേഷൻ ചുമതല ഒഴിഞ്ഞു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ഐ.പി. ബിനുവും ഉണ്ണിയും ഉൾപ്പെടെയുള്ളവരാണ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു സംഭവം.

ഒപ്പിട്ട ശേഷം പ്രതികളോട് മടങ്ങാൻ പൊലീസ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഇതിന് പകരം പ്രതികൾക്ക് ഓണാഘോഷത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. പൊലീസുകാരും പ്രതികളും തമ്മിൽ ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ ധാരണയുണ്ടായിരുന്നോയെന്നും പൊലീസുകാർ ഇതിന് ഒത്താശ ചെയ്തോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഡിസിപി തുടർ അന്വേഷണം നടത്തും.

Related Articles

Back to top button